ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നായ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി വരും ദിവസങ്ങളില്‍ 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം.
ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ നടപടി കൂടുതലായും ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും, നടപടി ബുദ്ധിമുട്ടുള്ളതാണെങ്കിലും കമ്പനിയുടെ നിലനില്‍പ്പിന് പിരിച്ചുവിടല്‍ നടപടി അത്യാവശ്യമാണെന്നും സിഇഒ ആന്‍ഡി ജെസ്സി അറിയിച്ചു.
അതേസമയം, ജനുവരിയില്‍ 18,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. മൂന്ന് മാസത്തിനിടയില്‍ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.