തിരുവനന്തപുരം: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സിപിഎം. കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
അതേസമയം, ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ രാജയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ഡി കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാന്‍ പട്ടിക ജാതിക്കാരന് അല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാര്‍ ഹര്‍ജി നല്‍കിയത്.
2021 ല്‍ നടന്ന ദേവികുളം തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് എ.രാജ വിജയിച്ചത്. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ പിന്തള്ളിയാണ് സിപിഎം യുവ നേതാവായ എ രാജയെ ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്.