കൊച്ചി: നാവികസേനയുടെ അഭിമാന പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു പ്രസിഡന്റ്‌സ് കളർ അവാർഡ് സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു.
ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ അവാർഡ്. നാവിക സേനയുടെ സായുധ പരിശീലന കേന്ദ്രമാണ് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യ. രൂപ ഘടനയിലും വർണ വിന്യസത്തിലും മാറ്റം വരുത്തിയ ശേഷമുള്ള പുതിയ പതാകയാണ് പ്രസിഡന്റ്സ് കളർ അവാർഡ് മുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്നത്. അഭിമാനകരമായ നേട്ടം ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
വെള്ളിയാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതിയായതിന് ശേഷം ആദ്യമായാണ് ദ്രൗപതി മുർമു കേരളം സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.