തിരുവനന്തപുരം : വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. മാനഷ്ടത്തിന് തനിക്കെതിരെ കേസെടുക്കാനാവില്ല. പക്ഷെ തനിക്കെതിരെ കേസ് എടുക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം എന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയിൽ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായി എന്നും സ്വപ്ന പരിഹസിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് സ്വപ്‌നയുടെ പ്രതികരണം.
സ്വപ്‌നയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
വിജേഷ് പിള്ളയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
വിജേഷ് പിള്ള എന്നേ ബാംഗ്ലൂരില്‍ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാന്‍ പിറ്റേ ദിവസം തന്നെ കര്‍ണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയില്‍ വഴി പരാതി അയക്കുന്നു. അവര്‍ ആ പരാതി ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റര്‍ ചെയ്യുന്നു.
ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയില്‍ പോലീസിന് കേസ് എടുക്കാന്‍ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാന്‍ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാല്‍ എനിക്ക് കര്‍ണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.
കര്‍ണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയില്‍ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയില്‍ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.
കെ ടി ജലീലിന്റെ പരാതിയില്‍ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?