കൊച്ചി: വനിതാ സംരംഭകര്‍ക്ക് സഹായമേകാന്‍ ‘സ്കെയില്‍ യുവര്‍ സ്റ്റാര്‍ട്ട് അപ്പ്’ പദ്ധതിയുമായി കേരളം ആസ്ഥാനമായ എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന് ഗ്രൂപ്പ്. രാജ്യത്താകമാനമുള്ള വനിതാ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരിലെ അര്‍ഹരായവര്‍ക്ക് സാമ്പത്തിക-വ്യവസായ പിന്തുണ ലഭ്യമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എലൈറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.ആര് രഘുലാലിന്റെ സ്വപ്നപദ്ധതിയാണിത്.
ക്യാമ്പയിനിന്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളതും വനിതകള്‍ക്ക് 51 ശതമാനത്തിലേറെ ഉടമസ്ഥതയുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുവാനാണ് കമ്പനി പദ്ധതിയിടുന്നത്. മൂലധന ഫണ്ടിംങ് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുക. ഏപ്രില്‍ പത്ത് വരെ ക്യാമ്പയിനിലേക്ക് അപേക്ഷിക്കാം.
ടീം, വിപണി സാധ്യത, ബിസിനസ് മോഡല്‍, സാമൂഹിക ആഘാതം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാണ് തിരഞ്ഞെടുപ്പ് മാനദണ്ഡം. വിവിധ വ്യവസായമേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ പാനലിന്റെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക.
‘വനിതാ സംരംഭകരുടെ വളര്‍ച്ചക്കും, അവരുടെ സ്വപ്നസാക്ഷാത്ക്കാരത്തിനുമായി അര്‍ഹിക്കുന്ന സഹായവും, പിന്തുണയും ഉറപ്പാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന് എക്സിക്കുട്ടീവ് ഡയറക്ടര്‍ ദനേസാ രഘുലാല്‍ പറഞ്ഞു.
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും, അവര്‍ നേതൃത്വം നല്‍കുന്നതുമായ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിലൂടെ, അവരുടെ വിജയത്തില്‍ മാത്രമല്ല, നമ്മുടെ വ്യവസായത്തിന്റെയും സമ്പദ് വ്യസ്ഥയുടെയും ഭാവിയിലേക്കാണ് ഞങ്ങള്‍ നിക്ഷേപം നടത്തുന്നത്. അര്‍ഹിച്ച പിന്തുണ ലഭിക്കാതിരുന്ന അനേകം വനിതാ സംരംഭകര്‍ക്ക് കൃത്യമായ നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും മികച്ച സഹായം ലഭ്യമാക്കി അവരുടെ വളര്‍ച്ചയ്ക്കും അതുവഴി വ്യാവസായിക മേഖലയില്‍ ഒരു പുത്തന്‍ നിരയെയും സൃഷ്ടിക്കുവാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ദനേസ രഘുലാല്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി http://www.eliteconnect.info സന്ദര്‍ശിക്കുക.