തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണയ്ക്കാന്‍ സാധിച്ചതെന്നും തീ കെടുത്തിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും. തീപിടിത്തത്തിന്റെ കാരണമെന്ത്, കൊച്ചി കോര്പറേഷന് വീഴ്ച പറ്റിയോ, ഉത്തരവാദികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയില്‍ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കി. ഓരോ ഘട്ടത്തിലും വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകള്‍ തേടിയെന്നും എന്നാല്‍ പ്രായോഗികമല്ലാത്തതിനാല്‍ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തും. തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ മാലിന്യസംസ്കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.