കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കാന്‍ ഉന്നതതല യോഗത്തിൽ തീരുമാനം. ഞായറാഴ്ച പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവു എന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തീ അണയ്ക്കാൻ അഗ്നിരക്ഷാസേനതന്നെ ശ്രമം തുടരും. ഇതിനു ഹെലികോപ്റ്റർ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തൽ. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്യുമെന്നും കലക്ടർ അറിയിച്ചു.
ബ്രഹ്മപുരത്തും സമീപത്തും ഉള്ളവർ ഞായറാഴ്ച വീടുകളില്‍തന്നെ കഴിയണമെന്നും കലക്ടർ ആവശ്യപ്പെട്ടു. അത്യാവശ്യമില്ലാത്ത സ്ഥാപനങ്ങൾ തുറക്കരുത്. ബ്രഹ്മപുരത്ത് കൂടുതൽ ഓക്സിജൻ കിയോസ്കുകൾ സജ്ജമാക്കുമെന്നും കലക്ടർ അറിയിച്ചു.
തീപിടിത്തമുള്ള പ്രദേശത്തിന് ചുറ്റുപാട് താമസിക്കുന്നവർക്കോ, ജോലി ചെയ്യുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ജനറൽ ആശുപത്രി, പി.എച്ച്.സി. ഉൾപ്പെടെയുള്ള ആശുപത്രികൾ സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ബ്രഹ്മപുരത്തിനടുത്ത് തന്നെ ഓക്സിജൻ കിയോസ്ക് സ്ഥാപിക്കാൻ നിർദേശം നൽകിയതായും കളക്ടർ കൂട്ടിച്ചേർത്തു.
നിലവിൽ തീ ആളിക്കത്തുന്നത് പൂർണമായും നിയന്ത്രിച്ചുവെന്നും മാലിന്യ കുമ്പാരത്തിന്റെ അടിയിൽ നിന്നും തീ പുകഞ്ഞ് പുറത്തേക്ക് വരുന്ന സാഹചര്യം നിലവിൽ എല്ലായിടത്തും ഉണ്ടെന്നും കളക്ടർ പറഞ്ഞു.
‘എയർഫോഴ്സിന്റെ കോയമ്പത്തൂർ സൂലൂർ സ്റ്റേഷനുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ നിയന്ത്രണവിധേയമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്’ കലക്ടർ പറഞ്ഞു.
ബ്രഹ്മപുരത്തെ തീപിടുത്തം കമ്മീഷണർ അന്വേഷണിക്കണമെന്ന് ഇന്ന് ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്തേക്ക് മാലിന്യവണ്ടികൾ കയറ്റാനാകാത്തതിനാൽ നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും നിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തി. മാലിന്യ നിക്ഷേപത്തിന് പകരം സ്ഥലങ്ങൾ കണ്ടെത്തി നാളെ മാലിന്യം നീക്കം തുടങ്ങാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്തു വ്യാപിച്ചു. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി.