തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്ന എംകെ രാഘവന്റ പ്രസ്താവനയ്ക്ക് പരസ്യപിന്തുണയുമായി കെ മുരളീധരന് എംപി. രാഘവന് പറഞ്ഞതില്‍ തെറ്റില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പങ്കുവെച്ചതെന്നും കെ മുരളീധരന് പറഞ്ഞു.
കെപിസിസി അദ്ധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണെന്നും മുരളീധരന് പ്രതികരിച്ചു.
അതേസമയം, ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമര്‍ശം. പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവന് കോഴിക്കോട്ട് പറഞ്ഞു. പി.ശങ്കരന് സ്മാരക പുരസ്കാരം കെ.പിസിസി മുന്‍ അധ്യക്ഷന്‍ വി,എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ എം.കെ രാഘവന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.