രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യം എന്നും അദ്ദേഹം ഡൽഹി ബിജെപി ആസ്ഥാനത്തെ വിജയാഘോഷത്തിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.
“ജനത്തിന് നന്ദി. ബിജെപി നേതാക്കൾക്ക് അഭിനന്ദനം അറിയിക്കുന്നു. രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് തെരഞ്ഞെടുപ്പുഫലം. ഇത് വടക്ക് കിഴക്കൻ ജനതയുടെ ജയമാണ്. ത്രിപുരയിൽ മുൻകാല ഭരണത്തിൽ മറ്റുപാർട്ടികൾക്ക് പതാക ഉയർത്താൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മുൻപിൽ ശിരസ്സ് കുനിക്കുന്നു. ഒരുകാലത്ത് തെരഞ്ഞെടുപ്പ് കാലം അക്രമത്തിൻ്റെ കാലഘട്ടം ആയിരുന്നു. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചിരുന്നു. പുതിയ ചിന്താഗതിയുടെ പ്രതീകമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം. പ്രധാനമന്ത്രി ആയ ശേഷം ഞാൻ നിരവധി തവണ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എല്ലാവരെയും വേർതിരിവ് ഇല്ലാതെ ഞങ്ങൾ സേവിക്കുന്നു. എല്ലാവരുടെയും ക്ഷേമമാണ് ഞങ്ങളുടെ ലക്ഷ്യം. തങ്ങളെ സംബന്ധിച്ച് രാജ്യവും ജനതയും പ്രധാനപ്പെട്ടതാണ്.”- പ്രധാനമന്ത്രി പറഞ്ഞു.