നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.മൂന്ന് സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് ഫെബ്രുവരി 16, 27 തീയതികളിൽ വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് മൂന്നു സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലും 60 മണ്ഡലങ്ങൾ വീതമാണുള്ളത്. ഇതിൽ മേഘാലയയിലും നാഗാലാൻഡിലും 69 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യം ഭരണം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകൾ പറയുന്നത്. മേഘാലയയിൽ എൻ.പി.പി മേൽക്കൈ നേടുമെന്ന് എക്‌സിറ്റ്‌പോളുകൾ പറയുന്നു.കോൺഗ്രസ്-സി.പി.എം സഖ്യവും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുരയിലാണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്നത്. ബി.ജെ.പി ഭരണം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകൾ പറയുന്നതെങ്കിലും കോൺഗ്രസ്-സി.പി.എം സഖ്യം വലിയ പ്രതീക്ഷയിലാണ്.മേഘാലയയിൽ കേവല ഭൂരിപക്ഷത്തിലേക്ക് ആരുമെത്തില്ലെന്നാണ് സൂചന. എൻ.പി.പി 26 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ്‌പോൾ. നാഗാലാൻഡിൽ ബി.ജെ.പി 49 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് വിവിധ എകിസ്റ്റ്‌പോളുകൾ നൽകുന്ന സൂചന.