കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു. 17 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ശമ്പളം കൂട്ടിയതോടെ കര്‍ണാടക സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്റെ (കെഎസ്ജിഇഎ) പണിമുടക്ക് അവസാനിപ്പിച്ചു. ഇടക്കാല ആശ്വാസമായാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 17 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചത്.
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഇടക്കാലാശ്വാസം പ്രാബല്യത്തില്‍ വരും. ചൊവ്വാഴ്ച രാത്രി അസോസിയേഷന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച രാവിലെ ധനവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കെഎസ്ജിഇഎയുമായി വീണ്ടും ചര്‍ച്ച നടത്തുകയും ചെയ്തു. അടിസ്ഥാന ശമ്പളത്തില്‍ 17 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസോസിയേഷന്‍ സമരം അവസാനിപ്പിച്ചത്.