തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി പുതിയ കമ്പനിയുമായി കരാറിലെത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ സേവന കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നടപടി. മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് തീരുമാനം.
സാമൂഹിക പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭ അനുമതി നൽകി.
മറ്റു തീരുമാനങ്ങൾ:
സര്‍ക്കാര്‍ ഗ്യാരന്റി: കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കും. 4200 കോടി രൂപ, ഈ വർഷം ജനുവരി 12 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരന്റിയുമാണ്.
തസ്തിക: നിലമ്പൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമേ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തിക കൂടി സൃഷ്ടിക്കുന്നതിന് ഭരണാനുമതി നല്കി.
പുനര്‍നാമകരണം: കെ–ഫോണ്‍ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തിക ചീഫ് ടെക്നോളജി ഓഫിസര്‍ (സിടിഒ) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.
പുനര്‍നിയമനം: കേരള ലോകായുക്തയിലെ സ്പെഷല്‍ ഗവ. പ്ലീഡറായ പാതിരിപ്പള്ളി എസ്.കൃഷ്ണകുമാരിയുടെ സേവനകാലം അവസാനിക്കുന്ന മുറയ്ക്ക് ഏപ്രിൽ 29 മുതല്‍ മൂന്നു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കും.