ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ ഏഴ് പേർക്ക് വധശിക്ഷ. ലഖ്‌നൗ എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ്. ഒരാൾക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
2017ല്‍ ഉത്തർപ്രദേശിൽ ട്രെയിനിനുള്ളിലുണ്ടായ ബോംബ് സ്‌ഫോടനം ഉൾപ്പെടെ വിവിധ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, ആതിഫ് മുസാഫർ, മുഹമ്മദ് ഡാനിഷ്, സയ്യിദ് മീർ ഹുസൈൻ, റോക്കി എന്ന ആസിഫ് ഇഖ്ബാൽ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. മുഹമ്മദ് ആതിഫിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പ്രതികള്‍ തീവ്രവാദിയായ സൈഫുല്ലയ്‌ക്കൊപ്പം ലഖ്‌നൗവില്‍ ഒളിത്താവളം സ്ഥാപിച്ച് ചില സ്‌ഫോടകവസ്തുക്കൾ പരീക്ഷിച്ചെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
2017 മാർച്ച് 7ന് ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ പൊട്ടിത്തെറിച്ച സ്ഫോടകവസ്തു നിര്‍മിച്ചത് ആതിഫും ഡാനിഷും ഹുസൈനും സൈഫുല്ലയും ചേര്‍ന്നാണെന്ന് എന്‍.ഐ.എ വക്താവ് പറഞ്ഞു. 2017 ആഗസ്തിലാണ് എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.