ഡൽഹി: ഡൽഹി മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ആം ആദ്മി പാർട്ടി. അറസ്റ്റിനെ ജനാധിപത്യത്തിലെ കറുത്ത ദിനം എന്നാണ് എഎപി വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപിയുടെ സിബിഐ കള്ളക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിമർശനം.
‘ബിജെപിയുടെ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിൽ. സിസോദിയയുടെ അറസ്റ്റ് ഏകാധിപത്യത്തിന്റെ കൊടുമുടിയാണ്. മോദിജി, ഒരു നല്ല വ്യക്തിയെയും മികച്ച വിദ്യാഭ്യാസ മന്ത്രിയെയും അറസ്റ്റ് ചെയ്തതിലൂടെ നിങ്ങൾ വലിയ തെറ്റ് ചെയ്തു. ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ല. ഒരു ദിവസം നിങ്ങളുടെ സ്വേച്ഛാധിപത്യം തീർച്ചയായും അവസാനിക്കും’-എംപി സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു.
‘മനീഷ് സിസോദിയ അറസ്റ്റിലാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കുമെന്നത് പ്രവചിക്കാൻ കഴിയും. അക്ഷരാർത്ഥത്തിൽ കേന്ദ്ര നിർദേശം പാലിക്കുകയാണ് സി.ബി.ഐ ചെയ്തത്’- എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് സൈഡ് പ്രതികരിച്ചു.
മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സി.ബി.ഐ ആസ്ഥാനത്തിന് ചുറ്റുമുള്ള റോഡുകളിൽ പൊലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ നിയന്ത്രിക്കുകയാണ്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സിസോദിയയെ നാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സത്യേന്ദർ ജയ്‍നിനുശേഷം അറസ്റ്റിലാകുന്ന ആംആദ്മി മന്ത്രി സഭയിലെ രണ്ടാമത്തെയാളാണ് മനീഷ് സിസോദിയ.
സിസോദിയയുടെ വീടിന് മുൻപിൽ പൊലീസിനെ വിന്യസിച്ചു. സി.ബി.ഐ ഓഫീസിലെത്തും മുന്‍പ് സിസോദിയ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു. “ഇന്ന് വീണ്ടും സി.ബി.ഐ ഓഫീസിലേക്ക് പോകും. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും കോടിക്കണക്കിന് ജനങ്ങളുടെ അനുഗ്രഹവും ഞങ്ങൾക്കൊപ്പമുണ്ട്. കുറച്ച് മാസം ജയിലിൽ കിടക്കേണ്ടി വന്നാലും എനിക്ക് പ്രശ്നമില്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്റെ അനുയായിയാണ് ഞാൻ” എന്ന് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.
















