ന്യൂഡൽഹി: മദ്യനയക്കേസിൽ ചോദ്യംചെയ്യലിനായി ഹാജരായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂർ നീണ്ട് നിന്ന് ചോദ്യംചെയ്യലിനൊടുവിലാണ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11.12നാണ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്.
ഉപമുഖ്യമന്ത്രി പദവി വഹിക്കുന്ന വ്യക്തി ആയതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. രാത്രി 7:15-നാണ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ ഓഫീസിന് സമീപത്തുള്ള മേഖലയിൽ സംഘം ചേരുന്നത് തടയാനായി 144 പ്രഖ്യാപിച്ചു.
അറസ്റ്റിനു പിന്നാലെ സിബിഐ ആസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ വർധിപ്പിച്ചു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. മദ്യനയവുമായി ബന്ധപ്പെട്ടും ദിനേഷ് അറോറ ഉൾപ്പെടെ എഫ്ഐആറിൽ പ്രതിചേർത്തിട്ടുള്ളവരുമായി സിസോദിയയ്ക്കുള്ള ബന്ധത്തെ കുറിച്ചു സിബിഐ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ സിസോദിയയുടെ മറുപടിയിൽ സിബിഐ ഉദ്യോഗസ്ഥർ തൃപ്തരായിരുന്നില്ലെന്നും ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ചോദ്യം ചെയ്യലിനെ തുടർന്ന് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാധ്യമപ്രവർത്തകർക്കുൾപ്പെടെ നിയന്ത്രണമുണ്ട്. ഫെബ്രുവരി 19ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നു സിസോദിയയോടു സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡൽഹിയുടെ ധനമന്ത്രി കൂടിയായ അദ്ദേഹം, ബജറ്റ് അവതരിപ്പിക്കാൻ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടർന്ന് സിബിഐ സമയം നീട്ടിനൽകുകയായിരുന്നു.
എഎപി പ്രവര്‍ത്തകരുടെ അകമ്പടിയിലാണ് ഇന്ന് രാവിലെ സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ജയിലില്‍ പോകാൻ മടിയില്ലെന്നും സിസോദിയ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സിസോദിയയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് നേരത്തതന്നെ സൂചന ലഭിച്ചിരുന്നു.