റായ്പുര്‍: മഹാറാലിയോടെ കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ സമാപനം. പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവും പാര്‍ട്ടി സമിതികളിലെ അന്‍പത് ശതമാനം സംവരണവുമാണ് റായ്പൂര്‍ പ്ലീനറി സമ്മേളനത്തിന്റെ പ്രധാന പ്രത്യേകതകള്‍. ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയപോലെ അദാനിക്കമ്പനിയ്‌ക്കെതിരേയും പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്ക് നടത്താനും ധാരണയായി.
രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകൾ അതി നിർണ്ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാൻ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ജയിക്കാനും പാർട്ടിക്ക് പ്രതാപം തിരിച്ചിപിടിക്കാനും ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി. ഇതിനായുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അതേസമയം കർഷകരെ മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രിക്കരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്ലീനറിയിലെ കാർഷിക പ്രമേയം. അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങളുടെ പേരിൽ കർഷകർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാകില്ലെന്ന് പ്രമേയത്തിലൂടെ കോൺഗ്രസ് വ്യക്തമാക്കി. കർഷകരുടെ ഭൂമി ജപ്തി നടപടികൾക്ക് വിധേയമാക്കില്ലെന്നും 6 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നും കാർഷിക പ്രമേയം പറയുന്നു. താങ്ങുവില നിയമ വിധേയമാക്കുമെന്നും എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കുമെന്നും വില നിർണ്ണയത്തിൽ കർഷക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്ലീനറി സമ്മേളനവും പൂര്‍ത്തീകരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്ലീനറി വേദിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ഒഴികെയുള്ള മറ്റ് അഞ്ച് പ്രമേയങ്ങള്‍ക്ക് പ്രകടന പത്രികയുടെ സ്വഭാവമായിരുന്നു. രാജ്യത്താകെ ജാതി സെന്‍സസ് നടത്തും, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, എസ് സി എസ്ടി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാന്‍ രോഹിത് വെമുല എന്ന പേരില്‍ നിയമം കൊണ്ടുവരും എന്നീ പ്രഖ്യാപനങ്ങളും പാര്‍ട്ടി സമിതികളിലെ 50 ശതമാനം സംവരണവും ദളിത് പിന്നാക്ക, ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിടുന്നു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള കൂടിയാലോചനകള്‍ വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കും. ശശി തരൂരിനെ പരിഗണിക്കുമോ എന്നത് പ്രധാന ആകാംക്ഷയാണ്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായി അരുണാചല്‍ പ്രദേശ് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെ യാത്ര നടത്താന്‍ ആലോചിക്കുന്നുണ്ട് കോണ്‍ഗ്രസ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
















