അമൃത്സര്‍: പഞ്ചാബിൽ ജയിലിലുണ്ടായ സംഘർഷത്തിൽ സിദ്ദു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികൾ കൊല്ലപ്പെട്ടു. ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
തൻതാരൻ ജില്ലയിലെ ഗോവിന്ദ്‍വാൽ സാഹിബ് ജെയിലിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കേശവ് എന്ന മറ്റൊരു അന്തേവാസി ആശുപത്രിയിൽ ചികിത്സയിലാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
2022 മെയ് 28ന് പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചാണ് ഗായകന്‍ സിദ്ദു മൂസൈവാല കൊല്ലപ്പെട്ടത്. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.