റായ്പൂര്‍: ഛത്തീസ്‍ഗഡ് അതിർത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ മഹാരാഷ്‌ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജ്‌നന്ദ്ഗാവോണ്‍ ജില്ലയിലെ ബോര്‍തലവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
മഹാരാഷ്ട്രയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഹെഡ് കോണ്‍സ്‌റ്റബിള്‍ രാജേഷ് സിങ്, സഹപ്രവര്‍ത്തകനായ ലളിത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകളെയും വധിച്ചതായി പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു എന്ന് അധികൃതർ അറിയിച്ചു.
‘രാവിലെ 8നും 8.30നും ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി ചെക്‌പോസ്‌റ്റില്‍ നിന്നും ജോലിയ്‌ക്കായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നക്‌സലേറ്റുകളുടെ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഏകദേശം 20 റൗണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നക്‌സല്‍ സംഘം വെടിയുതിര്‍ത്തത്. വെടിവയ്‌പ്പില്‍ രാജേഷ് സിങ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു’-ഡിഎസ്‌പി അജിത് ഓങ്രെ പറഞ്ഞു.
‘ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം, ലളിതും മരണപ്പെട്ടു. സംഭവത്തിന് ശേഷം, നക്‌സലേറ്റുകള്‍ തങ്ങള്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കത്തിച്ചു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ജില്ല പൊലീസ് സേനയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്’- ഡിഎസ്‌പി വ്യക്തമാക്കി.