തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കലിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സുധാകരന് വിമര്‍ശിച്ചു.
നാടുനീളെ കരിങ്കൊടി പ്രതിഷേധം നടത്തിയ സിപിഎമ്മിന്റെ മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പറുദയും തട്ടവും ധരിക്കാന്‍ കഴിയുന്നില്ല. കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷന്മാരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കണ്ണൂരിലും, പാലക്കാടും, കോഴിക്കോടും എറണാകുളത്തും ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥയ്ക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് സ്വീകരിച്ചത്.
സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉള്‍പ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണ് സംസ്ഥാന ഭരണകൂടമെന്നും സുധാകരന് കൂട്ടിച്ചേർത്തു.
കരുതല്‍ തടങ്കലിലെടുക്കുന്നതിന് രാജ്യത്ത് ചില നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരെയെങ്കിലും തുറുങ്കിലടയ്ക്കാന്‍ നിയമത്തില്‍ പറയുന്നില്ല. 151 സിആര്‍പിസി വകുപ്പ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് ദുരുപയോഗം ചെയ്യുകയാണ്. കേരള സമൂഹത്തിന് മുഴുവന്‍ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തില്‍ നിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും സുധാകരന് ചൂണ്ടിക്കാട്ടി.