തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് നിർദേശം. യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ്ലോഡ് ചെയ്യുന്നതും സബ്സ്ക്രൈബേഴ്സിന്റെ അടിസ്ഥാനത്തിൽ പണം സമ്പാദിക്കുന്നതും ചട്ട വിരുദ്ധമാണ്. യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ് ജീവനക്കാരൻ നൽകിയ അപേക്ഷ തള്ളിയാണ് സർക്കാർ പൊതു ഉത്തരവിറക്കിയത്.
കേരള സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടപ്രകാരം ശമ്പളത്തിന് പുറമേ മറ്റു വരുമാനങ്ങൾ സ്വീകരിക്കാൻ പാടില്ല. ഇൻറർനെറ്റിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വിഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ്ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന പ്രവൃത്തിയാണ്. അതിനാൽ ചാനൽ തുടങ്ങാൻ അനുമതി നൽകാൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനല്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സബ്സ്ക്രൈബേഴ്സ് കൂടിയാല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കൃഷി വകുപ്പില്‍ ഉള്‍പ്പടെ ഉയര്‍ന്ന ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യൂട്യൂബ് ചാനല്‍ വഴി നിലവില്‍ അധികവരുമാനം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായ പേരിട്ട്, കുടുംബാംഗങ്ങളുടെ പേരില്‍ ചാനല്‍ തുടങ്ങിയവരാണ് അധികവരുമാനക്കാരില്‍ ഏറെയും. ഇത്തരക്കാരെ നിയന്ത്രിക്കുക പുതിയ ഉത്തരവ് വഴി പ്രയാസകരവുമാണ്. മാത്രവുമല്ല, പണം സ്വീകരിക്കാതെ സാമൂഹ്യപ്രതിബന്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിശദീകരണം നല്‍കുന്നവരുമുണ്ട്.