കോഴിക്കോട്: സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്ത്രീ, പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെയല്ലാതെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണ്. അതിനെ എതിർത്താൽ പിന്തിരിപ്പനാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജെൻഡർ ന്യൂട്രാലിറ്റി എന്നു പറയുന്നത് എന്തൊരു അപഹാസ്യമാണ്. ഇസ്‍ലാം അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ടെന്ന് ഇസ്‍ലാം അംഗീകരിക്കുന്നില്ല, പഠിപ്പിക്കുന്നുമില്ല. ഖുറാനിൽ എല്ലായിടത്തും പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. അവരല്ലാത്ത ഒരു വിഭാഗം ഉണ്ടെന്ന് ഇസ്‍ലാം മതം വിശ്വസിക്കുന്നില്ല’ – സലാം പറഞ്ഞു.
‘‘ഒരു സ്ത്രീ താൻ പുരുഷനാണെന്ന് സ്വയം അവകാശപ്പെട്ടു. അതൊരു മാനസികാവസ്ഥയാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളൊക്കെ മുറിച്ചുമാറ്റി. അതൊന്നും ആവശ്യമില്ല, താൻ പുരുഷനാണെന്നായിരുന്നു വാദം. എന്നിട്ട്, സ്ത്രീയാണെന്നു പറഞ്ഞു നടക്കുന്ന മറ്റൊരുത്തനെ വിവാഹം കഴിച്ചു. എന്നിട്ട് സംഭവിച്ചതോ, പുരുഷനാണെന്നു പറഞ്ഞ സ്ത്രീയാണ് പ്രസവിച്ചത്. ശരീരത്തിനു പുറത്തുള്ള ചില അവയവങ്ങൾ മുറിച്ചു മാറ്റിയാലും, അകത്തുള്ളവ അവിടെത്തന്നെയുണ്ടാകുമെന്ന് ഓർമയുണ്ടാകണം. ഇത് കേരളത്തിൽ സംഭവിച്ചതാണ്’ – സലാം വിശദീകരിച്ചു.
സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് കാമ്പസുകളിൽ ആളെക്കൂട്ടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപിക്കുകയാണ്. ലഹരിക്കേസുകളിലെല്ലാം പ്രതികളാവുന്നത് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും സലാം പറഞ്ഞു.