തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള സർക്കുലറിൽ പ്രതികരണവുമായി മന്ത്രി ആന്റണി രാജു. ഈ തീരുമാനം മാനേജ്മെന്റിന്റേതാണ്. ഇതിൽ ആർക്കും വിഷമം വരേണ്ട കാര്യമില്ലെന്നും ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട പ്രശ്നമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ല. സ്ഥാപനം നടത്തിക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം മാനേജ്മെന്റിനുണ്ട്. ടാര്‍ഗറ്റിന്റെ അടിസ്ഥാനത്തിലേ ശമ്പളം നല്‍കൂ എന്ന് തീരുമാനിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനായി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കണമെന്നും ആവശ്യമെങ്കില്‍ യൂണിയനുകളുമായി ചര്‍ച്ചയാകാമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽൽപ്പിക്കാനാവില്ല. തീരുമാനം ജീവനക്കാരെ ഉപദ്രവിക്കാനല്ല. ശമ്പളം ഒരുമിച്ച് വേണ്ടവർക്ക് നൽകും. കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം എന്ന നിർദേശം സർക്കാർ നൽകിയതല്ല. മന്ത്രിയെന്ന നിലയിൽ ഒരു നിർദേശവും നൽകിയിട്ടില്ല. സർക്കാർ നിർദേശമല്ല ഉത്തരവായി വന്നത്. കെഎസ്ആർടിസിയിലെ പ്രൊഫഷണൽ ബോർഡിന് തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടാർഗറ്റ് ഏർപ്പെടുത്തുന്നതിനും ശമ്പളം ഘട്ടം ഘട്ടമായി നൽകുന്നതിനുമെതിരെ പ്രതിഷേധവുമായി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഓരോ കെഎസ്ആർടിസി ഡിപ്പോയ്ക്കും വരുമാന ലക്ഷ്യം (ടാർഗറ്റ്) നിശ്ചയിച്ചു നൽകി അതിന്റെ അടിസ്ഥാനത്തിൽ ശമ്പളവിതരണം നടത്താമെന്നായിരുന്നു ആദ്യ നിർദേശം. പിന്നീടാണ് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന നിർദേശവുമായി സർക്കുലർ ഇറക്കിയത്.