മുംബൈ: ശിവസേന പാർട്ടികളുടെ തർക്കത്തിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന പക്ഷത്തിന് അനുവദിച്ച് നൽകിയെ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായി മാറിയെന്നും മുമ്പ് സംഭവിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. താക്കറെയുടെ കുടുംബവീടായ മാതോശ്രീക്ക് പുറത്ത് തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘പാർട്ടി ചിഹ്നം മോഷ്ടിക്കപ്പെട്ടിരിക്കുന്നു, കള്ളനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയെ ഉന്നമിട്ട് ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേനയുടെ ചിഹ്നവും പേരും ഷിന്ദെ വിഭാഗത്തിന് ലഭിച്ചതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പേരും, ചിഹ്നമായ അമ്പും വില്ലും ഷിന്ദേ വിഭാഗത്തിനുപയോഗിക്കാം.
ബിജെപിയുടെ പിന്തുണയിൽ 40ലധികം സേന എംഎൽഎമാരുമായി ചേർന്നാണ് ഷിൻഡെ സർക്കാറുണ്ടാക്കിയത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പാര്‍ട്ടി വിജയിച്ച വോട്ടുകളില്‍ 76 ശതമാനവും ഷിന്ദേ വിഭാഗത്തിനൊപ്പമാണ്. ഉദ്ധവ് പക്ഷത്തിനുള്ളത് വെറും 23.5 ശതമാനം വോട്ടുകളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ട്ടി ചിഹ്നത്തിനായി ഇരുവിഭാഗവും അവകാശവാദമുയര്‍ത്തിയിരുന്നു. ഇതോടെ തത്ക്കാലത്തേക്ക് പാര്‍ട്ടി ചിഹ്നം മരവിപ്പിച്ച് ഇരുവിഭാഗത്തിനും പുതിയ ചിഹ്നം നല്‍കാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.