ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. 60 മണിക്കൂർ നീണ്ട മാരത്തൺ പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് പ്രസ്താവനയിലൂട വിശദാംശങ്ങള്‍ പുറത്തുവിടുന്നത്.
ആദായ നികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയത്. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സര്‍വേയില്‍ നിന്നും നിരവധി വിവരങ്ങള്‍ കണ്ടെത്തിയതായും വകുപ്പ് അറിയിച്ചു.
നികുതി കൃത്യമായി അടച്ചിട്ടില്ല. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തി. ജീവനക്കാരുടെ മൊഴികളിൽ നിന്നും രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ കാലതാമസം വരുത്തി. പരിശോധന നീളാന്‍ ഇത് കാരണമായെങ്കിലും സ്ഥാപനത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും പ്രസ്താവയില്‍ ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച പകല്‍ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. പോലീസ് സുരക്ഷയിലായിരുന്നു പരിശോധന. നടക്കുന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഗുജറാത്ത് കലാപത്തേയും പ്രതിപാദിക്കുന്ന ബിബിസി ഡോക്യുമെന്ററി പുറത്തിറങ്ങിയതിനു പിന്നാലെയാണ് പരിശോധന എന്നത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി. റെയ്ഡിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.