തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന നിർദേശം സർക്കാർ പിൻവലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസുടമകൾ. അനുകൂല തീരുമാനമില്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ ബസ് സർവീസുകൾ നിർത്തുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചത്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ സ്ഥാപിക്കൽ, ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.
ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും കാമറകൾ സ്ഥാപിക്കണമെന്നാണ് സർക്കാർ നിർദേശം. ബസിൽ നിന്ന് റോഡും കൂടാതെ ബസിന് ഉൾവശവും കാണത്തക്കവിധം രണ്ട് കാമറയാണ് സ്ഥാപിക്കേണ്ടത്. ഇതിന്റെ 50 ശതമാനം തുക സർക്കാർ നൽകുമെന്നാണ് വാഗ്ദാനം.