ന്യൂ ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി. പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി, ദിലീപിന്റെ സത്യവാങ്മൂലം തള്ളി. പ്രോസിക്യൂഷന് മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാമെന്നും വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്ക് മാറ്റി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിസ്താരത്തിന് പ്രോസിക്യുഷന് നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് അറിയിച്ചു.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണക്കോടതിയെ സമീപിച്ചത്.