വയനാട്: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധിയുടെ കത്ത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
“വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയതിൽ ഉൾപ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥൻ ആത്മഹത്യ ചെയ്താണെന്ന പൊലീസ് റിപ്പോർട്ടിനെ അവർ തള്ളിക്കളയുന്നു. സംസ്ഥാന എസ്സി/എസ്ടി കമ്മീഷനും പൊലീസ് വകുപ്പിന്റെ റിപ്പോർട്ട് തള്ളിയതായി മാധ്യമ വാർത്തകൾ കണ്ടു.
വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും, വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യർത്ഥിക്കുന്നു. വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശു നീതി അർഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നൽകണം.”- രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
വിശ്വനാഥന്റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. വയനാട്ടിലേക്ക് തിരിച്ച അന്വേഷണസംഘം അമ്മയുടെയും സഹോദരന്റെയും മൊഴിയെടുക്കും. ആശുപത്രി പരിസരത്ത് വിശ്വനാഥനെ ചോദ്യംചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൊലീസ് തുടങ്ങി.
ആൾക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ദുരൂഹത ഒഴിയാൻ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സാധ്യതകളാണ് പ്രത്യേക അന്വേഷണസംഘം തേടുന്നത്. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൽപ്പറ്റയിലെത്തി വിശ്വനാഥന്റെ ബന്ധുക്കളുടെ മൊഴിയെടുക്കും. തുടർന്ന് കോടതി അനുമതിയോടെ റീ പോസ്റ്റുമോര്‍ട്ടത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടില്ല.