ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നജഫ്ഘട്ടില്‍ പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തില്‍ മരണകാരണം സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിന് ചുറ്റും പാടുകളുണ്ടെന്നും മറ്റെവിടെയും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതിനാല്‍ മരണസമയം കൃത്യമായി പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിക്കി യാദവ് എന്ന യുവതിയെ പങ്കാളിയായ സാഹില്‍ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം. ഹരിയാന സ്വദേശിയായ നിക്കിയെ ഡേറ്റാ കേബിൾ ഉപയോഗിച്ചാണു കൊലപ്പെടുത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിനു മുൻപ് നിക്കിയും സഹിലും തമ്മിൽ കാറിൽവച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി. നിക്കിയെ വകവരുത്തിയ ദിവസം സഹിൽ മറ്റൊരു യുവതിയെ വിവാഹവും കഴിച്ചു.
ഫാർമ വിദ്യാർഥിയായ സഹിലിന്റെ കുടുംബം പടിഞ്ഞാറൻ ഡൽഹിയിൽ ധാബ നടത്തുകയാണ്. കൊലയ്ക്കുശേഷം ഇയാൾ നിക്കിയുടെ മൃതദേഹം ഫ്രിജിൽ സൂക്ഷിച്ചു. നിക്കിയെ കാണാനില്ലെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. നിക്കി എവിടെപ്പോയെന്നു കുടുംബത്തിന് അറിവുണ്ടായിരുന്നില്ല. അന്വേഷണത്തിന് ഒടുവിൽ പൊലീസ് മൃതദേഹം കണ്ടെത്തി പോസ്റ്റ്‍മോർട്ടത്തിന് അയച്ചു.