തിരുവനന്തപുരം: രാജ്യത്തെ ബിബിസി ഓഫീസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി. ആദായനികുതി വകുപ്പ് പരിശോധനകളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചു.
“ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് ബിബിസിക്കു നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നു രാജ്യാന്തര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇതു രാജ്യാന്തര സമൂഹത്തിനു മുന്നിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നതാണ്.” – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം” – മുഖ്യമന്ത്രി പറഞ്ഞു.
ബി.ബി.സിയുടെ മുംബൈ, ഡൽഹി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മാധ്യമപ്രവർത്തകരുടെ മൊബൈൽഫോണുകളും ലാപ്ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആദായനികുതി വകുപ്പിന്റെ പരിശോധനകളുമായി സഹകരിക്കുമെന്ന് ബി.ബി.സി വ്യക്തമാക്കി.
അതിനിടെ, ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ ന്യായീകരിക്കുകയാണ് ബിജെപി. ബിബിസി അഴിമതി കോർപ്പറേഷനാണെന്നും സർക്കാർ ഏജൻസികളിപ്പോൾ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് റെയ്ഡിനെ കുറിച്ച് ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പ്രതികരിച്ചത്.