തിരുവനന്തപുരം: ശമ്പളം നൽകാനായി ഡിപ്പോ തലത്തിൽ ടാർഗെറ്റ് പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസി. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകാനായി ഓരോ ഡിപ്പോയിലെയും ബസുകളുടെയും ജീവനക്കാരുടേയും എണ്ണം അനുസരിച്ച് ടാര്‍ഗെറ്റ് നല്‍കും.
കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മാനേജ്മെന്റ് നല്കുന്ന ടാര്‍ഗെറ്റ് തികയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ശമ്പളവും എല്ലാം മാസവും അഞ്ചാം തീയതി നല്‍കും. ടാര്‍ഗെറ്റ് പകുതി മാത്രമാണ് പൂര്‍ത്തിയാക്കുന്നതെങ്കില്‍ പകുതി ശമ്പളമാകും നൽകുക.
തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്ന് യൂണിയനുകൾ അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്കു ശമ്പളം നൽകാൻ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്.
ശമ്പളം നൽകാൻ 30 കോടിരൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 60 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ഇനി ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കാനായില്ല.
കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 82 വിരമിച്ച ജീവനക്കാർക്ക് ഉടൻ പകുതി പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടു. കെഎസ്ആർടിസി മാനേജ്മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവർക്കാണ് അനുകൂല്യം നൽകേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെഎസ്ആർടിസി നിലപാട് കോടതി രേഖപ്പെടുത്തി. എങ്കിലും ഇതിൽ തീരുമാനമായിട്ടില്ല.
അനുകൂല്യം വിതരണം ചെയ്യാൻ കൈയ്യിൽ പണം ഇല്ലെന്നു കെഎസ്ആർടിസി അറിയിച്ചു. എന്നാൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ചോദ്യം. വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്ന് കോടതി വിലയിരുത്തി.