കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല. അർജുനും കുടുംബവും ക്രൂരമായി പീഡിപ്പിച്ചുവെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. താന്‍ ജീവനൊടുക്കിയാൽ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അര്ജുന് ആയങ്കിയുടെ വീട്ടുകാർക്കാണെന്ന് യുവതി പറഞ്ഞു.
തനിക്ക് ഭ്രാന്തായത് കൊണ്ടാണ് രണ്ട് തവണ അബോർഷൻ ചെയ്തതെന്നും എന്നാൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതാണെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ തനിക്ക് അറിയില്ല എന്ന് പറഞ്ഞ കാര്യങ്ങളറിയാം എന്നും അമല പറയുന്നു.
ആദ്യ തവണ അര്ജുന് ജയിലില്‍ കിടന്ന സമയത്തെല്ലാം വീട്ടില്‍ വലിയ പീഡനമാണ് അനുഭവിച്ചത്. തന്നെയും അര്‍ജുനെയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് ആയാളുടെ സഹോദരനും അമ്മയുമാണ്. തന്റെ കഴുത്തില്‍ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല.
മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. വെളുക്കാന്‍ വേണ്ടിയുള്ള ചികിത്സയ്ക്കായി പോയിട്ടുണ്ട്. ഗർഭിണിയായ വേളയിൽ തന്റെ അനുവാദമില്ലാതെ ഗർഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചു. നിർബന്ധപൂർവം ഗർഭച്ഛിദ്രം നടത്തി. സമാനമായ സാഹചര്യത്തിൽ അർജുൻ നേരത്തെ ഇവിടെ വന്നിട്ടുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
2019ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പരിചയത്തിലാകുന്നത്. തൊട്ടടുത്ത വർഷം വിവാഹവും കഴിഞ്ഞു. 2021ലുണ്ടാകുന്ന ഒരപകടത്തിലാണ് അർജുനുൾപ്പെടുന്ന സ്വർണക്കടത്ത് ഇടപാട് പൊലീസ് കണ്ടെത്തുന്നത്. എന്നാൽ അന്നത്തെ ചോദ്യം ചെയ്യലിൽ തനിക്ക് അർജുന്റെ ഇടപാടുകളെ കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു അമലയുടെ മൊഴി. ഇതിന് നേരെ വിപരീതമായി അർജുന്റെ ഇടപാടുകളെ കുറിച്ച് തനിക്കെല്ലാമറിയാമെന്ന് ലൈവിൽ അമല പറയുന്നു.
സ്വർണക്കടത്ത്, കുഴൽപ്പണമിടപാട് തുടങ്ങിയ കാര്യങ്ങളിൽ അർജുൻ വ്യാപൃതനാണെന്ന വിവരം അറിയാമായിരുന്നുവെന്നും തന്നോട് ഇതെല്ലാം വെളിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.