ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച അന്വേഷണത്തിന് സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ മുദ്രവെച്ച കവറിൽ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി.
ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട രണ്ട് ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു വിശാൽ തിവാരിയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നേരത്തെ ഹരജി പരിഗണിച്ചപ്പോൾ റിപ്പോർട്ടിൽ പറഞ്ഞതുപ്രകാരം നിക്ഷേപകർക്ക് ഭാവിയിൽ നഷ്ടമുണ്ടാവാതിരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു.
കേസ് ഫെബ്രുവരി 17ന് പരിഗണിക്കുന്നതിനായി മാറ്റി.