കൊളംബോ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷണലിസ്റ്റ് നേതാവ് പി. നെടുമാരൻ രംഗത്ത്. പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ഉചിതമായ സമയത്ത് അദ്ദേഹം പൊതുജനത്തിന് മുന്നിലെത്തുമെന്നും നെടുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രഭാകരൻ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും വീട്ടുകാരുടെ സമ്മതത്തോടെയാണ് താൻ ഈ പ്രഖ്യാപനം നടത്തുന്നതെന്ന് നെടുമാരൻ പറഞ്ഞു. എന്നാൽ പ്രഭാകരൻ ഇപ്പോൾ താമസിക്കുന്നത് എവിടെയാണെന്ന് വെളിപ്പെടുത്താനാകില്ലെന്ന് നെടുമാരൻ പറഞ്ഞു.
‘അദ്ദേഹം സുഖമായിരിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴ് ജനതയോട് ഇത് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തെ കുറിച്ച് ആസൂത്രിതമായി പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്ക് ഈ വാർത്ത വിരാമമിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നിലനിൽക്കുന്ന പ്രതിഷേധങ്ങൾ പ്രഭാകരന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ സാഹചര്യമൊരുക്കിയിരിക്കുകയാണ്’.-നെടുമാരൻ പറഞ്ഞു.
അതേസമയം, നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്കൻ സൈന്യം രംഗത്തെത്തി. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്‍റെ വാദം തെറ്റാണ്. ഡിഎൻഎ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളുണ്ടെന്നും ശ്രീലങ്കൻ സേന വൃത്തങ്ങൾ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
തമിഴ് പുലികളെന്നറയിപ്പെടുന്ന എൽടിടിയുടെ തലവനായ പ്രഭാകരനെ 2009 മേയിലാണ് ഏറ്റുമുട്ടലിൽ ശ്രീലങ്കൻ സൈന്യം വധിച്ചെന്ന് പറയുന്നത്. അന്ന് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്‌സെ നടത്തിയത് വംശഹത്യയായിരുന്നു. ഇതിന് യുദ്ധക്കുറ്റങ്ങളുടെ അന്താരാഷ്ട്ര കോടതിയിൽ മഹിന്ദ രാജപക്സെ വിചാരണ നേരിടേണ്ടിവരുമെന്നും നെടുമാരൻ പറഞ്ഞു.
അതേസമയം, നെടുമാരന്റെ വാദത്തോട് പ്രതികരിച്ചേ ശ്രീലങ്കൻ മുൻ എംപി ശിവാജിലിംഗം രംഗത്തെത്തി. അന്ന് കണ്ടെത്തിയ മൃതദേഹം പ്രഭാകരന്റേതല്ലെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നായിരുന്നു ശിവാജിലിംഗം പറഞ്ഞത്. എന്നാൽ പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നത് നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ഈഴം സൃഷ്ടിക്കാനുള്ള സാഹചര്യം സംജാതമായിരിക്കുന്നെന്നും ശിവാജിലിംഗം പറഞ്ഞു.