തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ തിരുവനന്തപുരം ഉള്ളൂരിലെ വീടാക്രമിച്ച പ്രതി പിടിയിൽ. പയ്യന്നൂർ സ്വദേശി മനോജ് ആണ് പിടിയിലായത്. ഇയാളെ തമ്പാനൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പിടികൂടിയത്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
കേന്ദ്ര സർക്കാർ തന്നെ നിരീക്ഷിക്കുന്നതിലെ പ്രതിഷേധമാണ് വീടാക്രമിക്കാൻ കാരണമെന്നാണ് മനോജ് പൊലീസിന് നൽകിയ മൊഴി. തനിക്കെതിരെ കേസ് നൽകിയ സ്ത്രീയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനോജ് രണ്ട് വർഷങ്ങൾക്ക് മുമ്പ് മന്ത്രിയുടെ വീട്ടിലെത്തിയിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു വി മുരളീധരന്‍റെ ഉള്ളൂരിലെ വാടക വീടിന് നേരെ ആക്രമണമുണ്ടായത്. അക്രമി വീടിന്റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിരുന്നു. മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഉള്ളൂരിൽ നിന്നും പട്ടത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.