തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തിരുവനന്തപുരം പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയുമായിരുന്ന ജി ശേഖരന്‍ നായര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു.
1980-ല്‍ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി. മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങളും നേടി. ഫ്രാന്‍സ്, ചൈന, യു.എസ്, റഷ്യ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1999-ല്‍ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി എബി വാജ്പേയിയോടൊപ്പം പോയ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ച് ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ- രാധാമണി അമ്മ.
















