ത്രിദിന ആഗോള നിക്ഷേപക ഉച്ചകോടി 2023 ലക്‌നൗവിൽ ഇന്നാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. 34 സെക്ഷനുകളാണ് ഉച്ചകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യ 10 സെക്ഷനുകൾ ആദ്യ ദിനവും, 13 സെക്ഷനുകൾ രണ്ടാം ദിനവും 11 സെക്ഷനുകൾ മൂന്നാം ദിനവുമാണ് നടക്കുക.
ഉത്തർപ്രദേശ് സർക്കാരിന്റെ മൊത്തത്തിലുള്ള വികസനമാണ് ഉച്ചകോടി കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. ജിഐഎസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് അതോറിറ്റി 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. 53 ജില്ലകൾ, 10 സംസ്ഥാനങ്ങൾ, 4 രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് നിക്ഷേപം സ്വീകരിച്ചത്. ഇതിലൂടെ സംസ്ഥാനത്തെ 9 ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്ന് കണക്കാക്കുന്നു.
യുപിഎസ്‌ഐഡിഎ-യിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്തോഷത്തിലാണെന്ന് അധികൃതർ പറഞ്ഞൂ. 1 ലക്ഷം കോടി രൂപ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിൽ മൂന്നിരട്ടി നേട്ടമാണ് ഉണ്ടായിരിക്കുന്നത്. യുഎസ്, ഹോംഗോങ്, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുമായി 90,000 കോടി രൂപയാണ് മൂലധന നിക്ഷേപമായി ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.