ന്യൂഡല്‍ഹി: ഭയനാകരമായ വെളിപ്പെടുത്തലുകളോടെ ശ്രദ്ധ വാള്‍ക്കര്‍ വധക്കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ അഫ്താബ് പൂനവാല കൊലപാതകത്തിന് ശേഷം എങ്ങനെ ശരീരം ഒളിപ്പിച്ചുവെന്നും വൃത്തിയാക്കിയെന്നും വിശദീകരിച്ചുകൊണ്ടുള്ളതാണ് 6600 പേജ് കുറ്റപത്രം.
ലിവിങ് ടു ഗെതര്‍ പങ്കാളിയായ ശ്രദ്ധ വാള്‍ക്കറെ കൊലപ്പെടുത്തിയ ശേഷം പൂനവാല എല്ലുകള്‍ ഗ്രൈന്‍ഡറിലിട്ട് പൊടിച്ചെടുത്ത് ഉപേക്ഷിച്ചുവെന്നതടക്കം ഇതില്‍ പറയുന്നുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവസാനമായി ഉപേക്ഷിച്ചത് ശ്രദ്ധയുടെ തലയായിരുന്നുവെന്നും ഡല്‍ഹി പോലീസ് പറയുന്നു. ക്രൂരമായ കൊലപാതകം നടത്തിയ ശേഷം അഫ്താബ് സൊമാറ്റോ വഴി വരുത്തിയ ചിക്കന്‍ റോള്‍ കഴിച്ചുവെന്നതടക്കം ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയ 2022 മെയ് 18-ന് അഫ്താബ് സാധാരണ രീതിയിലാണ് പെരുമാറിയത്. കൊല നടത്തിയ ശേഷം ഓൺലൈനിൽ ഭക്ഷണം വാങ്ങിയ അഫ്താബ്, ശ്രദ്ധയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്.
എന്നാൽ ഇത് തന്നെ വേഗം പിടികൂടാൻ സഹായിക്കുമെന്ന് മനസിലാക്കിയതോടെ, യന്ത്രവാളും ചുറ്റികയും കത്തികളും ഉപയോഗിച്ച് ശരീരഭാഗങ്ങൾ വെട്ടിമാറ്റി. ബ്ലോ ടോർച്ച് ഉപയോഗിച്ച് ചില ഭാഗങ്ങൾ തീ വച്ച് നശിപ്പിച്ചു.
35 ഭാഗങ്ങളാക്കിയ ശരീരം, ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷമാണ് പല സ്ഥലങ്ങളിലായ ഉപേക്ഷിച്ചത്. ഗ്രൈൻഡർ ഉപയോഗിച്ച് പൊടിച്ച എല്ലുകൾ മണ്ണിൽ വിതറി നശിപ്പിച്ചു. മൂന്ന് മാസത്തോളം സൂക്ഷിച്ച് വച്ച ശേഷമാണ് ശ്രദ്ധയുടെ ശിരസ് അഫ്താബ് ഉപേക്ഷിച്ചത്.
ശ്രദ്ധ വാള്‍ക്കറുടെ മൊബൈല്‍ ഫോണ്‍ അഫ്താബ് സൂക്ഷിച്ചിരുന്നു. മെയ് 18-ന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടുകളെല്ലാം പ്രവര്‍ത്തിപ്പിച്ചത് അഫ്താബ് ആണെന്ന് ഗൂഗിളില്‍ നിന്ന് അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് മുംബൈയിലാണ് ശ്രദ്ധയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങളില്‍ ഇതുവരെ 20 കഷണങ്ങളാണ് കണ്ടെടുക്കാനായത്. തല ഇനിയും കണ്ടെത്താനായിട്ടില്ല. ഡിസംബറില്‍ നടന്ന പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റുകളില്‍ അഫ്താബ് കുറ്റകൃത്യം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കോടതിയിൽ സമർപ്പിച്ച 6,600 പേജ് വരുന്ന കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോൾ, ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവർ ഡൽഹിയിലേക്കു താമസം മാറുകയായിരുന്നു. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്.