ന്യൂഡല്‍ഹി: ഭൂകമ്പത്തിൽ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ. മരുന്നുകളുമായി വ്യോമസേന വിമാനം ഉടൻ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് സിറിയൻ അംബാസിഡർ ഡോ ബാസം അൽഖാത്തിബ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.
ഭൂകമ്പം കനത്ത നാശംവിതച്ചതിന് പിന്നാലെ അടിയന്തര സഹായമെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുര്‍ക്കി. അവശ്യ ഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥസുഹൃത്തെന്നും തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായമെത്തിച്ചതിന് നന്ദിയറിയിക്കുന്നതായും ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിറാത്ത് സുനെല്‍ പറഞ്ഞു.
100 സേനാംഗങ്ങളും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡുകളും അവശ്യസജ്ജീകരണങ്ങളുമായി ഇന്ത്യയില്‍ നിന്നുള്ള രക്ഷാദൗത്യസംഘങ്ങള്‍ തുര്‍ക്കിയിലേക്ക് തിരിക്കാന്‍ തയ്യാറായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. അവശ്യ മരുന്നുകളുമായി പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരുടെ സംഘവും പാരാമെഡിക്കല്‍ സംഘവും തയ്യാറാണെന്നും പിഎംഒ അറിയിച്ചു. അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താബുളിലെ കോണ്‍സുലേറ്റ് ജനറലുമായി കൂടിയാലോചിച്ച് ദുരിതാശ്വാസസാമഗ്രികള്‍ അയക്കുമെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു.
രക്ഷാദൗത്യത്തിനും തിരച്ചിലിനുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു. 50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളുമായി സി-17 വിമാനം തുര്‍ക്കിയിലേക്ക് തിരിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന തുര്‍ക്കിയ്ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.