കോട്ടയം: ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ മീനിൽ രാസ പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മീൻ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്ന് ലഭിച്ചെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ അറിയിച്ചു.
എന്നാൽ റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീൻ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.
ഇന്നലെ വൈകിട്ടാണ് മൂന്നു ടൺ പഴകിയ മൽസ്യം നാട്ടുകാരുടെ പരാതിയെ തുടർന്ന് പിടികൂടിയത്. രാസപദാര്‍ത്ഥങ്ങൾ ഉപയോഗിച്ചില്ലെന്ന് വ്യക്തമായതോടെ മീൻ തിരിച്ച് ഉടമകൾക്ക് കൊടുക്കുന്ന കാര്യത്തിൽ ഉടൻ നഗരസഭ തീരുമാനം എടുക്കും.