തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജ്. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉമ്മന്‍ ചാണ്ടിയെ ആശുപതിയില്‍ സന്ദര്‍ശിച്ചതെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. ന്യൂമോണിയയെ തുടര്‍ന്നു ഇന്നലെ വൈകിട്ടാണ് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടര്‍ ചികിത്സക്ക് കൊണ്ട് പോകാന്‍ ആണ് നീക്കം. അതേസമയം, ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു ഉമ്മന്‍ ചാണ്ടിയുടെ സഹോദരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് വിവാദമായിരുന്നു.