ഇസ്താംബുള്‍: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 12 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24നാണ് ഭൂചലനം ഉണ്ടായത്. എകിനോസു പട്ടണത്തില്‍നിന്നു നാല് കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കായാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ തുർക്കിയിലും അയൽരാജ്യമായ സിറിയയിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,400 കടന്നു. 5,000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയിൽ വീണ്ടും ഭൂചലനമുണ്ടായത്. ഇതോടെ രക്ഷാപ്രവർത്തനം ദുസഹമായിരിക്കുകയാണ്.
തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 6.7 തീവ്രത രേഖപ്പെടുത്തിയതടക്കം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയയിൽ വിമതനിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ വൻ ദുരന്തമാണുണ്ടായിരിക്കുന്നത്.
സിറിയയിലെ സർക്കാർ അധീനതയിലുള്ള മേഖലയിൽ 234 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 150 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സൈപ്രസ്, ലബനാൻ, ഇറാഖ്, ഈജിപ്ത് അടക്കമുള്ള അയൽരാജ്യങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.
അതേസമയം, തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ ഇന്ത്യ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തരസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
നൂറുപേരടങ്ങുന്ന രണ്ടുസംഘത്തെയാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയയ്ക്കുക. പ്രത്യേക പരിശീലനം നല്‍കിയ നായകളും സംഘത്തിന്റെ ഭാഗമാകും. വൈദ്യസംഘത്തേയും അയക്കാന്‍ തീരുമാനമായിട്ടുണ്ട്. തുര്‍ക്കി സര്‍ക്കാരും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചായിരിക്കും ദുരന്തനിവാരണ സഹായങ്ങള്‍ എത്തിക്കുക. യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, അഭ്യന്തര- പ്രതിരോധ- വിദേശകാര്യ- സിവില്‍ ഏവിയേഷന്‍- ആരോഗ്യ മന്ത്രാലയങ്ങളുടേയും എന്‍.ഡി.ആര്‍.എഫിന്റേയും എന്‍.ഡി.എം.എയുടേയും പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.