തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ ഇരുചക്ര വാഹനം നിയമസഭയ്ക്ക് മുന്നിലെ റോഡിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ബാരിക്കേഡുകള്‍ തള്ളിമാറ്റാനാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
പ്രതിഷേധക്കാര്‍ നിയമസഭയ്ക്കു മുന്നിലെ റോഡ് ഉപരോധിച്ചതിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് ആക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, ഇന്ധന സെസ് ഉള്‍പ്പെടെ ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം തുടങ്ങി. ഷാഫി പറമ്ബില്‍, മാത്യു കുഴല്നാടന്, നജീബ് കാന്തപുരം, സിആര്‍മഹേഷ് എന്നിവരാണു സത്യാഗ്രഹമിരിക്കുന്നത്. നിയമസഭക്ക് പുറത്തും വലിയ തോതില്‍ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. 13ന് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് അറിയിച്ചു.