കുമളി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനോട് അമ്മയുടെ കൊടും ക്രൂരത. അടുത്ത വീട്ടിൽനിന്ന് ടയർ എടുത്തതിന് കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം കയ്യിലും കാലിൽ ചട്ടുകം പഴുപ്പിച്ച് വെക്കുകയായിരുന്നു. കുട്ടിക്ക് ഇരുകൈകളിലും കാലിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അമ്മ തയ്യാറായിരുന്നില്ല. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്തംഗത്തിന് വിവരം കൈമാറി. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.