ന്യൂഡൽഹി: ദുബായിൽ അന്തരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് അനുശോചനം രേഖപ്പെടുത്തിയ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം വിമർശിച്ചു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ ‘കടമെടുത്താണ്’ രാജീവ് ചന്ദ്രശേഖർ വിമർശനം ഉയർത്തിയത്.
‘കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറൽമാർക്ക് ‘സമാധാനത്തിനുള്ള ശക്തി’യാകാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമർത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്’ രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ, ട്വിറ്ററിലൂടെയാണ് ശശി തരൂർ പർവേസ് മുഷറഫിന് ആദരാഞ്ജലി നേർന്നത്. ഒരിക്കൽ ഇന്ത്യയുടെ അചഞ്ചല ശത്രുവായിരുന്നു മുഷറഫ്. എന്നാൽ അതേ മുഷറഫ് 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനുള്ള ഒരു യഥാർത്ഥ ശക്തിയായി ഉയർന്നുവന്നു എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.
തരൂരിന്റെ ട്വീറ്റിനെതിരെ ബിജെപി വക്താവ് ഷഹ്‌സാദ് പൂനവല്ല രൂക്ഷ വിമർശനം ഉന്നയിച്ചു. തരൂരും കോൺഗ്രസും പാക് അഭ്യുദയകാംക്ഷികളാണെന്ന് പൂനവല്ല വിശേഷിപ്പിച്ചു. പർവേസ് മുഷറഫ് കാർഗിൽ യുദ്ധത്തിന്റെ ശില്പിയും സ്വേച്ഛാധിപതിയും ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്നും ഷഹ്സാദ് പൂനവല്ല ട്വീറ്റ് ചെയ്തു.
താലിബാനെയും ഒസാമയെയും അദ്ദേഹം സഹോദരന്മാരായും വീരന്മാരായും കണക്കാക്കി. മരിച്ച സ്വന്തം സൈനികരുടെ മൃതദേഹം തിരികെ വാങ്ങാൻ വിസമ്മതിച്ചവരെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരു കാലത്ത് രാഹുൽ ഗാന്ധിയെ മാന്യനെന്ന് മുഷറഫ് പുകഴ്ത്തിയിരുന്നു, ഒരുപക്ഷേ ഈ മുഷറഫ് കോൺഗ്രസിന് പ്രിയപ്പെട്ടവനാണെന്ന് ഷഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി.