മുംബൈ: വിപണിയുടെ കാര്യക്ഷമവും സുഗമവുമായ പ്രവർത്തനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ഓഹരി വിപണ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് ഇടമില്ലെന്നും, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സെബി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
”ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഓഹരികളില്‍ അസാധാരണമായ വില മാറ്റം നിരീക്ഷിക്കപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ നിരീക്ഷണ നടപടികളും സ്വീകരിച്ചിട്ടുണ്ട്,”അദാനി ഗ്രൂപ്പിന്റെ പേര് പരാമര്‍ശിക്കാതെ സെബി പ്രസ്താവനയില്‍ പറഞ്ഞു.
”സെബി അതിന്റെ അധികാരത്തിന്റെ ഭാഗമായി, വിപണിയുടെ ക്രമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. പ്രത്യേക ഓഹരികളിലെ അമിതമായ ചാഞ്ചാട്ടം പരിഹരിക്കുന്നതിനായി നിര്‍വചിക്കപ്പെട്ടതും പൊതുവായി ലഭ്യമായതുമായ നിരീക്ഷണ നടപടികള്‍ (ഐ എസ് എം ചട്ടക്കൂട് ഉള്‍പ്പെടെ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലയിലെ ചാഞ്ചാട്ടത്തിന്റെ നിശ്ചിത വ്യവസ്ഥകള്‍ പ്രകാരം ഏതു ഓഹരിയിലും ഈ സംവിധാനം സ്വയമേവ പ്രവര്‍ത്തനക്ഷമമാകും,”സെബി അറിയിച്ചു.
യുഎസ് ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗ് നടത്തിയ വിശകലന റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവുണ്ടായിരുന്നു. അനുബന്ധ ഓഹരി വിൽപനയ്ക്കു (എഫ്പിഒ) തൊട്ടു മുൻപ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അപേക്ഷകൾ വളരെ കുറവായിരുന്നു.