ന്യൂഡൽഹി: സുപ്രീംകോടതിയിലേക്കുള്ള അഞ്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതുനുപിന്നാലെ ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട് വിജ്ഞാപനം ഇറക്കി. ഇതോടെ അഞ്ച് ജഡ്ജിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പങ്കജ് മിത്തൽ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പി.വി. സഞ്ജയ് കുമാർ, പാറ്റ്ന ഹൈക്കോടതി ജഡ്ജി അഹ്സനുദീൻ അമാനുള്ള, അലാഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ കഴിഞ്ഞ വർഷം ഡിസംബർ 13നാണ് സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്തത്. നിയമനം ഇത്രയും കാലം നീണ്ടുപോയതിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമർശിക്കുകയും ചെയ്തിരുന്നു.
സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ 5 പേരുകൾ കഴിഞ്ഞ ഡിസംബറിൽ ശുപാർശ ചെയ്തതിനെക്കുറിച്ച് അടുത്തിടെ സുപ്രീം കോടതി ആരാഞ്ഞെങ്കിലും ഈ വിഷയം പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന് എജി അഭ്യർഥിച്ചിരുന്നു. ഇത് അംഗീകരിച്ചെങ്കിലും ഇനിയും കൂടുതൽ സമയം എടുക്കരുതെന്നു കോടതി നിർദേശിച്ചു. ആ പേരുകാരിൽ പലരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോ സീനിയർ ഹൈക്കോടതി ജഡ്ജിമാരോ ആണെന്നതും ഓർമിപ്പിച്ചു. അനുവദനീയ അംഗബലം 34 ആണെങ്കിലും നിലവിൽ 27 ജഡ്ജിമാർ മാത്രമാണ് സുപ്രീം കോടതിയിലുള്ളത്.
അതിനിടെ, കഴിഞ്ഞയാഴ്ച നടത്തിയ അസാധാരണമായ നീക്കത്തിലൂടെ രണ്ടു പേരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. സാധാരണ ഗതിയിൽ ഒരു തവണ അയയ്ക്കുന്ന ശുപാർശയിൽ അന്തിമ തീരുമാനമാകുന്നതുവരെ കാത്തിരിക്കുകയാണ് കൊളീജിയം ചെയ്യാറുള്ളത്. എന്നാൽ, തീരുമാനം വൈകിയ സാഹചര്യത്തിലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരുടെ പേരും കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ തീരുമാനം വന്നിട്ടില്ല.