ന്യൂഡൽഹി: 20,000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട ഫോളോഓൺ പബ്ലിക് ഓഫർ(എഫ്പിഒ) പിൻവലിച്ച അദാനി ഗ്രൂപ്പിന്റെ നടപടി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അനുവദനീയമായ പരിധിക്കുള്ളിൽ നിന്നാണ് അദാനിക്ക് എൽഐസിയും എസ്ബിഐയും വായ്പ നൽകിയതെന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികഘടനയ്ക്കും പ്രതിച്ഛായയ്ക്കും എഫ്പിഒ പിന്മാറ്റം മൂലം യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് സീതാരാമൻ അറിയിച്ചു. എഫ്പിഒകൾ വരും വിദേശ നിക്ഷേപകർ പിന്മാറും ഇതെല്ലാം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ കാര്യങ്ങൾ സെബിയടക്കമുള്ള റെഗുലേറ്ററി സ്ഥാപനങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
അദാനി പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം എട്ട് ബില്യൺ വർദ്ധിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
എഫ്പിഒ പിൻവലിക്കൽ സമ്പദ് വ്യവസ്ഥയിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. കൂടാതെ എത്ര തവണ രാജ്യത്ത് എഫ്പിഒകൾ പിൻവലിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ചോദിച്ചു.ആർബിഐ അദാനിയുടെ തകർച്ചയെ കുറിച്ച് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. സെബി ഉൾപ്പടെയുള്ള നിയന്ത്രണ ഏജൻസികൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. ഇതിൽ സർക്കാർ ഇടപെടില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു.
അദാനി ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി പറഞ്ഞു. വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ധനകാര്യ മന്ത്രാലയ സെക്രട്ടറി ടിവി സോമനാഥൻ പറഞ്ഞു.