ഇടുക്കി: ഇടുക്കിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കട്ടപ്പന നിര്‍മ്മലാ സിറ്റിയില്‍ നാല് പേരെയാണ് നായ ആക്രമിച്ചത്. പ്രദേശവാസികളായ ചിന്നമ്മ കല്ലുമാലില്‍, മേരി കുന്നേല്‍, ബാബു മുതുപ്ലാക്കല്‍, സണ്ണി തഴയ്ക്കല്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, ചിന്നമ്മയെ അടുക്കളയില്‍ കയറിയാണ് നായ ആക്രമിച്ചത്. ഇവര്‍ക്ക് ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്. പറമ്പില്‍ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യില്‍ നായ കടിച്ചത്. വീടിന് മുന്‍പില്‍ നില്‍ക്കുകയായിരുന്ന ബാബുവിന്റെ കാലിനാണ് നായ ആക്രമിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്ത് വച്ചാണ് നായ കടിച്ചത്. ഇയാളുടെ തുടയുടെ ഭാഗത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. അര മണിക്കൂര്‍ സമയത്തിനിടെയാണ് നായ ആളുകളെ ആക്രമിച്ചത്. കഴിഞ്ഞ 3 ദിവസത്തിനിടെ ഹൈറേഞ്ചില്‍ പത്ത് പേരെയാണ് തെരുവ് നായ ആക്രമിച്ചത്.
















