തിരുവനന്തപുരം: കേരള ബജറ്റിലെ ഇന്ധന വില വർദ്ധനക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും പ്രതികരണവുമായി രംഗത്ത്. പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എഐവൈഎഫ് പറഞ്ഞു.
ഇന്ധന വില കുറക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും വില വർധന പിൻവലിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ജനക്ഷേമം മുന്നിൽ കണ്ടു എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റ് മികവുറ്റതാണ്. കാർഷിക, വ്യാവസായിക മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടുളള ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. പദ്ധതി വിഹിതത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറവിൽ നിന്ന് അതിജീവിക്കാൻ കഴിയുന്ന തരത്തിലുളളതാണ് സംസ്ഥാന ബജറ്റ് എന്ന് എ.ഐ.വൈ.എഫ് അഭിപ്രായപ്പെട്ടു.
മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം മുന്നിൽ കണ്ടു കൊണ്ടുള്ള പദ്ധതികൾ,സ്ത്രീ സുരക്ഷ ഊന്നി കൊണ്ടുള്ള പദ്ധതികൾ എന്നിവയ്ക്ക് വേണ്ടി ബജറ്റിൽ വകയിരുത്തിയത് ഏറെ പ്രശംസനീയമാണ്.
അതിദാരിദ്ര്യം ഇല്ലാതാക്കൽ, ഭക്ഷ്യ ഭദ്രത ഉറപ്പാക്കൽ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളിലൂടെ കേരളത്തിന്റെ വികസനത്തിന് കരുത്ത് പകരാൻ ഉപകരിക്കുന്ന ബജറ്റ് കൂടിയാണ് എൽഎഡിഎഫ് സർക്കാർ അവതരിപ്പിച്ചതെന്നും എ.ഐ.വൈ.എഫ് പറഞ്ഞു.