കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പോലീസിൽ കീഴടങ്ങി.
ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. വാക്കുതർക്കത്തെ തുടർന്ന് ലിജേഷ് കത്രിക ഉപയോഗിച്ച് മല്ലികയെ കുത്തുകയായിരുന്നു. കൊല നടത്തിയതിനു ശേഷം ലിജേഷ് പോലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിച്ച് കൊലപാതക വിവരം അറിയിച്ചു. ഭാര്യയെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥാമിക നിഗമനം.
സംശയരോഗം കാരണം ഭർത്താവ് ഉപദ്രവിക്കുന്നതായി അയൽവാസികളോട് മല്ലിക നേരത്തെ പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.
ലിജേഷ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. മദ്യപിച്ചതിന് ശേഷമാണ് കൊലപാതകമെന്നാണ് വിവരം. സ്കൂളിലെ ശൂചീകരണ തൊഴിലായാണ് മല്ലിക. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ലിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
















